Share This Post
ശംഖുവരയൻ
ഒരു കൈയിൽ വാക്കത്തി, കോടാലി എന്നീ മാരകായുധങ്ങളും മറ്റേതിൽ ഒരു തോട്ടിയും ആയി അപ്പാപ്പൻ കനാലിലേക്ക് ഇറങ്ങി. കനാലിനപ്പുറത്തെ പറമ്പിൽ നിന്നും വിറകു വെട്ടുക ആണ് ഉദ്ദേശം. “എവിടെ പോണു? ആ പെണ്ണുങ്ങൾ അവിടെ നിന്ന് പണിയെടുത്തോട്ടെ.”- അപ്പാപ്പൻ്റെ പോക്ക് അമ്മൂമ്മയ്ക് അത്ര പിടിച്ചില്ല. പെണ്ണുങ്ങൾ എന്ന് ഉദ്ദേശിച്ചത് തൊഴിലുറപ്പിനു വേണ്ടി പണിയെടുക്കുന്ന കുറെ സ്ത്രീകളെ ആണ്. അവർ പണിയെടുക്കുന്നത് ആ പറമ്പിലൊന്നുമല്ലെങ്കിലും അവരുടെ പണിയും വിറകുവെട്ടും ആയി യാതൊരു ബന്ധവും ഇല്ലെങ്കിലും അപ്പാപ്പൻ്റെ ഏത് പ്രവൃത്തിയെയും നഖശിഖാന്തം എതിർക്കുക എന്ന ഉത്തമയായ ഭാര്യയുടെ ധർമം ഒരു പ്രതിപക്ഷ നേതാവിൻ്റെ ഊർജസ്വലതയോടു കൂടി അമ്മൂമ്മ നിർവഹിക്കുന്നുണ്ട്.
അപ്പാപ്പന് ഒരു അറ്റാക്ക് വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. മുൻപ് പലതവണ പല അസുഖങ്ങൾ വന്നു ഡോക്ടറെ കണ്ടപ്പോൾ ഒക്കെ പുകവലി നിർത്താൻ പറഞ്ഞിട്ടുണ്ടെങ്കിലും ഒളിച്ചും പാത്തും കക്കൂസയിൽ നിന്നും പല പറമ്പുകളിൽ നിന്നും പുക പോയികൊണ്ടിരുന്നതിൻ്റെ ഫലം ആയിരുന്നു ഈ അറ്റാക്ക്. ഏതായാലും അറ്റാക്ക് വന്നതോടെ പുകവലി നിന്നു.
മുൻപ് ഓടി നടന്ന് പണിയെടുത്തുകൊണ്ടിരുന്ന അപ്പാപ്പൻ്റെ ഇപ്പോഴത്തെ ഏക എന്ജോയ്മെൻറ് ഈ വിറകു ശേഖരണം ആണ്. ഒരു കുന്നു വിറക് ഇപ്പോഴേ വീടിനു മുൻപിൽ ഉണ്ടെങ്കിലും “വിറക് ഇല്ലാതെ എങ്ങനെ അരി വെക്കും?” എന്ന ഫിലോസഫിയിൽ വനനശീകരണം നിർബാധം തുടർന്നുപോരുന്നു. ഇത് ഇങ്ങനെ പോകുകയാണെങ്കിൽ പാരീസ് ഉടമ്പടിയിൽ നിന്നും ഇന്ത്യ പിന്മാറുന്നതിയിരിക്കും നല്ലതെന്ന് തോന്നുന്നു. ആഗോള താപനവും അപ്പാപ്പനും എന്ന പേരിൽ ഒരു പഠനം നടത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
തോട്ടി കാടിനകത്തു കിടക്കുന്ന മരക്കഷ്ണങ്ങൾ തോണ്ടി എടുക്കാനാണ്. അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മരം വെട്ടാൻ കൊണ്ട് പോയ കോടാലി വനദേവതയായ അമ്മൂമ്മക്ക് വേണ്ടി അപ്പാപ്പന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. കൂടുതൽ മേലനങ്ങിയുള്ള പണി ഒന്നും വേണ്ട എന്നതാണ് കാരണം. എന്നിരുന്നാലും വാക്കത്തി കൊണ്ട് പറ്റുന്ന ഡാമേജ് ഒക്കെ സസ്യലതാദികൾക്കു സംഭവിക്കുന്നുണ്ട്.
ആവശ്യത്തിന് വിറകു ആ പറമ്പിൽ വേറെ കിടക്കുന്നുണ്ടെങ്കിലും ആരും കടന്നു ചെല്ലാത്ത വനമേഖലകളിൽ ചെന്ന് കേറി തോട്ടി ഇട്ടു കുത്താതെ അപ്പാപ്പന് ഒരു സംതൃപ്തി ഇല്ല. അങ്ങനെ “പുതിയ അക്ഷാംശങ്ങള്‍ കണ്ടെത്തുന്ന കപ്പിത്താനെപ്പോലെ” അപ്പാപ്പൻ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ കാട്ടിൽ ഒരിളക്കം. കൂടെ പറമ്പിൽ കെട്ടിയിട്ടുള്ള “മുക്രി ഓമന”യുടെ പശുവിൻ്റെ കരച്ചിലും. അപ്പാപ്പൻ തോട്ടി കുത്തുന്നതിനിടയിൽ അലസമായി ഒന്ന് നോക്കി. പേടിക്കാനില്ല. പത്തി വിടർത്തി നിൽക്കുന്നത് പാമ്പു ശ്രേഷ്ഠനായ ശംഖുവരയനാണ്. പുള്ളിക്കാരൻ്റെ ഉച്ചയുറക്കം ഡിസ്റ്റർബ് ചെയ്തത് ആരാണെന്ന് നോക്കാൻ വന്നതാണ്.
ആ ബ്ലാക്ക് ആൻഡ് വൈറ്റ് പാമ്പിനെ കണ്ടാൽ ആരും പേടിക്കും. “എന്നെ കണ്ട് പെട്ടെന്നു പേടിച്ചോടിക്കോ. എനിക്ക് പോയി കെടന്നുറങ്ങണം” എന്ന് പറഞ്ഞാണ് പാമ്പിൻ്റെ നിൽപ്പും. അപ്പാപ്പൻ തോട്ടി വെച്ച കുത്തുന്നത് നിർത്തി. എന്നിട്ട് കൈ പൊക്കി, പതുക്കെ, പറഞ്ഞു, “ശൂ, പോ പാമ്പേ!”, എന്നിട്ട് പിന്നെയും കാട്ടിലിട്ട് കുത്തി തുടങ്ങി. ഒരു കോഴിക്കുഞ്ഞിനെ പോലെ താൻ ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു! അപമാനഭാരത്താൽ പാമ്പിൻ്റെ തല താണു. “ഇത് ഹാരപ്പ മോഹൻജൊദാരോ ? ” എന്ന് ചോദിച്ചു കൊണ്ട് മിസ്റ്റർ.ശംഖുവരയൻ ഇഴഞ്ഞു പറമ്പിലുള്ള പൊട്ടക്കിണറ്റിലേക്ക് ചാടി. മനോവിഷമത്താൽ ആത്‍മഹത്യ ചെയ്തതായിരിക്കണം. ഇതൊന്നും ശ്രദ്ധിക്കാതെ, ആഗോള താപനില ഈ ആഴ്ച രണ്ടു ഡിഗ്രി എങ്കിലും കൂട്ടണം എന്ന ലക്ഷ്യത്തോടെ അപ്പാപ്പൻ വാക്കത്തി കൈയിലെടുത്തു അടപടലം വീശി.