Share This Post
രണ്ടാമൂഴം

മലയാളിക്ക് മുഖവുര വേണ്ടാത്ത നോവൽ ആണ് എംടിയുടെ രണ്ടാമൂഴം. 1984 ഇൽ ആണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത് . മഹാഭാരതത്തിൻ്റെ അർഥം തേടിയുള്ള എംടി യുടെ വർഷങ്ങൾ നീണ്ട വായനയുടെയും ചരിത്ര പഠനത്തിൻ്റെയും ഫലമാണ് ഈ നോവൽ . താൻ വായിച്ച അനവധി ചരിത്ര പുസ്‌തകങ്ങളെ പറ്റി നോവലിൻ്റെ അവസാനം എംടി പറയുന്നുണ്ട് . ചരിത്രത്തോട് നീതി പാലിച്ചു കൊണ്ട് മഹാഭാരതം എഴുതിയ കൃഷ്ണദ്വൈപായണൻ പറയാതെ വിട്ട നിശബ്ദദകളിലേക്ക് എംടി യുടെ ഭാവന ചെന്നെത്തുന്നു.
എംടി യുടെ രണ്ടാമൂഴത്തിൽ ദൈവീകശക്തിയുള്ള നായകന്മാരില്ല , ദിവ്യാസ്ത്രങ്ങളും , പുഷ്പവൃഷ്ടി നടത്തുന്ന ദേവകളുമില്ല, ഉള്ളത് പച്ചയായ മനുഷ്യർ മാത്രം. മഹാഭാരത്തിൻ്റെ ചരിത്രത്തിലൂടെ ആഴത്തിൽ സഞ്ചരിച്ച കഥാകാരൻ പറയേണ്ട കഥ ദേവലോകം നേടിയ യുധിഷ്ടിരൻ്റെതല്ല, വീരനായ അർജുനൻ്റെയും അല്ല, പക്ഷെ കുടവയറും ഊശാൻ താടിയുമുള്ള ഭീമസേനൻ്റെതാണെന്ന് തിരിച്ചറിയുന്നു. എംടിയുടെ അഭിപ്രായത്തിൽ മഹാഭാരതം എന്നത് ഭീമൻ്റെ കഥയാണ്. ബകനെയും കീചകനെയും ജരാസന്ധനെയും കൗരവർ നൂറു പേരെയും കൊന്ന വായുപുത്രൻ്റെ കഥ. എല്ലാ ചരിത്രകഥാപാത്രങ്ങൾക്കും ഒരു വ്യക്തിത്വം എംടി കണ്ടെത്തുന്നുണ്ട്.
ഭീമൻ്റെ മനോവിചാരങ്ങളിലൂടെ ആണ് എംടി കഥ പറയുന്നത് . അന്ന് നിലനിന്നിരുന്ന വർണ്ണ വ്യവസ്ഥക്കെതിരെ ചോദ്യചിഹ്നം ഉയർത്തുന്ന, ദ്രൗപതിക്കു വേണ്ടി രണ്ടാം ഊഴത്തിനായ് കാത്തിരിക്കുന്ന ഭീമനെ ഈ നോവലിൽ കാണാം . അരക്കില്ലത്തിൽ കാട്ടാളത്തിയും മക്കളും വെന്ത് മരിക്കുമ്പോൾ “പാപഭയം വേണ്ട കാട്ടാളരല്ലേ” എന്ന് പറയുന്ന അമ്മയെയും ജേഷ്ഠനെയും സംശയത്തോടെ നോക്കുന്ന ഭീമൻ. “കാട്ടാളനല്ലെ അവൻ മരിച്ചത് നന്നായി”യെന്ന് തൻ്റെ മകൻ ഘടോത്കചനെ പറ്റി പറയുന്ന കൃഷ്ണൻ്റെ വാക്ക് കേട്ട് നിൽക്കുന്ന ഭീമൻ. കാട്ടാളത്തിയെ സ്‌നേഹിച്ചു ഒടുവിൽ ദേവപദം വേണ്ടെന്നു വച്ചു കാട്ടിലേക്ക് മടങ്ങിപ്പോകുന്ന വികാരങ്ങളും വിചാരങ്ങളുമുള്ള ഭീമനെ ഈ നോവലിൽ കാണാം .
മഹാഭാരതത്തിലെ കഥാപാത്രങ്ങൾക്കു നൽകപ്പെടുന്ന ദൈവീക സങ്കല്പമൊക്കെ ഒക്കെ എംടി ഈ നോവലിലൂടെ പൊളിച്ചെഴുതുന്നുണ്ട് . അർജുനനും കൃഷ്ണനും ബലരാമനും ദ്രൗപതിയും എല്ലാം മനുഷ്യന്മാരാകുന്നു . ദൗർബല്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും പേടിയും സങ്കടവും ദേഷ്യവും വരുന്ന സാധാരണക്കാർ .
ഈ നോവലിന് വേണ്ടി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ചിരിക്കുന്ന ഇല്ലുസ്ട്രേഷൻസും കണ്ടിരിക്കേണ്ടതാണ്.