ബഷീറിൻ്റെ “മതിലുകൾ” എന്ന കൃതി 1964 ഇലെ കൗമുദി ആഴ്‌ചപ്പതിപ്പിലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സർക്കാരിനെതിരെ എഴുതിയതിനു രാഷ്രീയ തടവുകാരനായി ജയിലിൽ കഴിഞ്ഞ അനുഭവമാണ് ബഷീർ പങ്കുവെക്കുന്നത്. സ്ത്രീ തടവുകാരിയായ നാരായണിയുമായി അദ്ദേഹം പ്രണയത്തിലാകുന്നതാണ് കഥയുടെ ഇതിവൃത്തം. ബഷീറിൻ്റെ സ്വതസിദ്ധമായ ഹാസ്യത്തിൽ പൊതിഞ്ഞാണ് ഈ കഥയും അവതരിപ്പിച്ചിരിക്കുന്നത്.
ബഷീർ അറിയാതെ “ഭാർഗ്ഗവീനിലയ”ത്തിൻ്റെ തിരക്കഥ സിനിമ ഇറങ്ങുന്നതിനു മുൻപേ കൗമുദിയിൽ പ്രസിദ്ധീകരിക്കാനൊരുങ്ങിയ അദ്ദേഹത്തിൻ്റെ സുഹൃത്തായ പത്രാധിപർക്ക് പകരം പ്രസിദ്ധീകരിക്കാൻ നാലു ദിവസം കൊണ്ട് ബഷീർ എഴുതി നൽകിയ കൃതി ആണ് “മതിലുകൾ”. തിരക്കഥ തിരികെ വാങ്ങാൻ തിരുവനന്തപുരത്തു വന്ന ബഷീർ താൻ ഇരുപതു കൊല്ലം മുൻപ് പൂജപ്പുര സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞ അനുഭവം കഥയാക്കി. “പ്രപഞ്ചമാകുന്ന മഹാജയിലിനുള്ളിൽ ചെറിയ ജയിലിൽ ഞാൻ” കഴിഞ്ഞ അനുഭവം എന്ന് ബഷീർ. അത് നമുക്ക് നൽകുന്നത് മറക്കാനാകാത്ത വായനാനുഭവവും.