Share This Post
എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

മഹാത്മാ ഗാന്ധിയുടെ ആത്‌മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 1927 ഇൽ ആണ് പ്രസിദ്ധീകരിച്ചത്. 1927 ഇന് മുൻപുള്ള ഗാന്ധിജിയുടെ ജീവിതം ആണ് ഗാന്ധി സ്വന്തം വാക്കുകളിലൂടെ ഈ പുസ്‌തകത്തിൽ പറയുന്നത്. ഗാന്ധിയുടെ ആദർശങ്ങൾ എങ്ങനെ രൂപപ്പെട്ടു വന്നെന്നും ഒരു സത്യാന്വേഷി എന്ന അർഥത്തിൽ സ്വന്തം ജീവിതത്തിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളും ഈ പുസ്‌തകത്തിലൂടെ വായിക്കാവുന്നതാണ്.ഗുജറാത്തിയിൽ ആണ് ഈ പുസ്‌തകം ഗാന്ധിജി എഴുതിയത്.
ഗാന്ധിജി തൻ്റെ കുട്ടിക്കാലം പറഞ്ഞുകൊണ്ട് പുസ്‌തകം തുടങ്ങുന്നു. ബാല്യവിവാഹവും, ചെറുപ്പത്തിലെ മാംസഭോജനവും അച്ഛൻ്റെ മരണവുമെല്ലാം ഗാന്ധി വിവരിക്കുന്നു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയും ബാരിസ്റ്റർ പഠനകാലവുമെല്ലാം പിന്നീട് പറയുന്നു. തൻ്റെ തെറ്റുകളും കുറവുകളും കുറ്റങ്ങളും ഒന്നും തുറന്നു പറയുന്നതിൽ ഒരു ലജ്ജയും ഈ പുസ്‌തകത്തിൽ ഗാന്ധി കാണിക്കുന്നില്ല. ഒരു സത്യാന്വേഷിക്ക് ഉപകാരപ്രദം ആകണമെങ്കിൽ അവ തുറന്നു പറയണം എന്നും ഗാന്ധി കരുതുന്നു.
ഈ പുസ്‌തകത്തിൻ്റെ ആകർഷണം ഗാന്ധിജി നടത്തിയിരിക്കുന്ന പരീക്ഷങ്ങൾ തന്നെ ആണ്. അദ്ദേഹത്തിൻ്റെ ഭക്ഷണ പരീക്ഷണങ്ങൾ ഒട്ടനേകം ആണ്. സ്വന്തം ജീവിതത്തിൽ ഗാന്ധിജി എടുത്തിരിക്കുന്ന പ്രതിജ്ഞകളും അവ പാലിക്കുന്നതിൽ ഗാന്ധി കാണിക്കുന്ന നിഷ്കർഷതയും എടുത്തു പറയേണ്ടതാണ്. ഗാന്ധിജിയുടെ മനോവിചാരങ്ങളിലൂടെ ഉള്ള ഒരു യാത്രയും ആ യാത്രയിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഗാന്ധി എടുക്കുന്ന പ്രതിജ്ഞകളും പരീക്ഷണങ്ങളും ആണ് ഈ പുസ്‌തകം എന്ന് വേണമെങ്കിൽ ചുരുക്കി പറയാം.
ഇംഗ്ലണ്ടിലെ പഠനകാലത്തിലെ അനുഭവങ്ങൾക്കു ശേഷം ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ അനുഭവങ്ങൾ വിവരിക്കുന്നു. സത്യാഗ്രഹം എന്ന സമരരീതി ഗാന്ധിജി എങ്ങനെ വികസിപ്പിച്ചെടുത്തെന്ന് നമുക്ക് കാണാവുന്നതാണ്. മതങ്ങളെ പറ്റി ഗാന്ധിജി നടത്തിയ പഠനങ്ങളും അദ്ദേഹത്തിൻ്റെ അനുഭവങ്ങളും വായിച്ചിരിക്കേണ്ടതാണ്. പിന്നീട് ഇന്ത്യയിൽ ഗാന്ധി നടത്തിയ സത്യാഗ്രഹങ്ങളുടെയും അദ്ദേഹം തുടങ്ങിയ ആശ്രമങ്ങളുടെയും ചരിത്രം രചിച്ചിരിക്കുന്നു.
ട്രെയിനിൽ മൂന്നാം ക്ലാസ്സിൽ മാത്രം യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന, രോഗാതുരനായി കിടക്കുമ്പോൾ പോലും തൻ്റെ ആദർശത്തിന് എതിരായി പാലോ മാംസമോ കഴിക്കാൻ വിസമ്മതിക്കുന്ന ഗാന്ധി എന്ന പച്ച മനുഷ്യനെ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടാം. “ഇങ്ങനെ ഒരു മനുഷ്യൻ മജ്ജയും മാംസവുമായി ഭൂമിയിൽ നടന്നിരുന്നെന്ന് വരും തലമുറ വിശ്വസിക്കാൻ പ്രയാസപ്പെടും” എന്ന് ഗാന്ധിയെ പറ്റി ഐൻസ്റ്റീൻ പറഞ്ഞതിൻ്റെ പൊരുളും വെളിപ്പെടും.