Share This Post
ആലാഹയുടെ പെൺമക്കൾ

സാറാ ജോസഫിൻ്റെ ആലാഹയുടെ പെൺമക്കൾ എന്ന നോവൽ 1999 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ഈ കൃതി നാഗരികതയുടെ ആവശ്യങ്ങൾക്കായി അടിച്ചമർത്തപെട്ടു ജീവിച്ച ഒരു ജനവിഭാഗത്തിൻ്റെ കഥ പറയുന്നു. മാറ്റാത്തി, ഒതപ്പ്, എന്നീ നോവലുകൾ ആലാഹയുടെ പെണ്മക്കളുടെ തുടർച്ചയായി സാറ ജോസഫ് എഴുതിയ കൃതികളാണ്.
കോക്കാഞ്ചിറ എന്ന പ്രദേശത്താണ് കഥ നടക്കുന്നത്. ആനി എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രം. തോട്ടികളും ഇറച്ചിവെട്ടുകാരും മറ്റു പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും താമസിക്കുന്ന തീരെ ദരിദ്രമായ പ്രദേശമാണ് കോക്കാഞ്ചിറ. നഗരം പുറംതള്ളിയ മനുഷ്യർ വസിക്കുന്ന ഈ നാടിൻ്റെ ആത്‌മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന കൃതിയാണിത്. തൃശൂർ ഭാഷയിലുള്ള സംഭാഷണങ്ങളിലൂടെ വ്യത്യസ്തമായി ഈ കഥ അവതരിപ്പിച്ചിരിക്കുന്നു.
ആനിയുടെ അമ്മമ്മ, അമ്മ കൊച്ചുറോത്, വല്യമ്മായി കുഞ്ഞില, നോനു അമ്മായി, ചെറിച്ചി അമ്മായി, ചിന്നമ്മ, ചിയ്യമ്മ, കുട്ടിപ്പാപ്പൻ എന്ന പ്രാഞ്ചി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആലാഹയുടെ നമസ്കാരം എന്ന രഹസ്യവുമായി നടക്കുന്ന അമ്മമ്മ ഏറെ സ്നേഹിക്കപെടുന്ന ഒരു കഥാപാത്രമാണ്. എന്നോ നാടുവിട്ടുപോയ ഭർത്താവിൻ്റെ വരവ് കാത്തിരിക്കുമ്പോഴും വീട് നടത്തിപ്പിൽ മുൻകൈയെടുത്ത ഓടി നടക്കുന്ന ‘അമ്മ കൊച്ചുറോത്. കുട്ടിപ്പാപ്പന് എന്ന കഥാപാത്രമാകട്ടെ നശിച്ചുകൊണ്ടിരിക്കുന്ന ഗാന്ധിയൻ ആദർശങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ്.
സ്ത്രീത്വത്തിൻ്റെ പ്രശ്നങ്ങളിലേക്ക് എത്തിനോക്കുന്നതിൽ ഒരുപേക്ഷയും ഈ കൃതിയിൽ സാറ ജോസഫ് നടത്തുന്നില്ല. ഈ കഥയിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം പല രീതിയിൽ സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളുടെ പ്രതിനിധികളാണ്. കറുത്ത കുഞ്ഞാറം, വെളുത്ത കുഞ്ഞാറം എന്നീ കഥാപാത്രങ്ങളും ശ്രദ്ധയാകർഷിക്കുന്നു.
നോവലിൻ്റെ അവസാനത്തോടടുത്തു കോക്കാഞ്ചിറക്ക് സംഭവിക്കുന്ന മാറ്റം മനുഷ്യസമൂഹത്തിന് സംഭവിക്കുന്ന മാറ്റമാണ്. തുറന്ന സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം മതിൽകെട്ടിലൂടെ വേർതിരിക്കപ്പെട്ടു അകന്നു പോകുന്നത് ഗ്രാമീണതയിൽ നിന്ന് നഗരവത്കരത്തിലേക്ക് പോകുമ്പോൾ മനുഷ്യസമൂഹത്തിനു പറ്റിയ മാറ്റമാണ്. ഒരു നാടിൻ്റെ ആത്‌മാവിനെ തൊട്ടറിഞ്ഞ കൃതിയാണിതെന്ന് ചുരുക്കിപ്പറയാം.